Wednesday 29 March 2017

'ഒരാൾ ജീവിതത്തിലേക്ക് തിരിച്ചു നടന്ന വിധം.'.. ! / ' 0raal Jeevithatthilekku Thirichu Natanna Vidham ' ... !

അവൻ   മരണത്തിന്റെ കരാള
ഹസ്തത്തിൽ നിന്നും അതിജീവനം
നടത്തിയ ശേഷം, വീട്ടിലെത്തി ശരീരം
പൂർവ്വ സ്ഥിതിയിൽ ക്രമീകരിക്കുന്ന ചികിത്സാ വസ്ഥയിൽ ഇരിക്കുമ്പോഴാണ് - തന്നെ പിടികൂടിയ ദുരിത പർവ്വങ്ങളുടെ ഓർമ്മകളെല്ലാം കടലാസിലേക്ക് പകർത്തി വെക്കുവാൻ നിശ്ചയിച്ചത് ...
മുന്നിൽ നിവർത്തി വെച്ചിരിക്കുന്ന കടലാസിൽ അവൻ  ഉത്സാഹത്തോടെ മനസ്സിൽ അപ്പോൾ തോന്നിയ തലക്കെട്ടെഴുതി...

'ഒരാൾ ജീവിതത്തിലേക്ക്
തിരിച്ചു നടന്ന വിധം.'
പിന്നെ അതിനു താഴെ എഴുതാൻ തുടങ്ങി.
ഭാഗം-1
പുറത്ത് ആകാശം തെളിഞ്ഞു വരുന്നതേ ഉണ്ടായിരിക്കുകയുള്ളൂ. അന്തരീക്ഷം നേർത്ത മൂടൽമഞ്ഞ് പുതച്ച് തണുത്തു കിടക്കുകയായിരിക്കും........
അങ്ങിനെയങ്ങിനെ ഭാഗം - 2 ,
 ഭാഗം - 3  എന്നിങ്ങനെ കഴിഞ്ഞു പോയ ഓരൊ അനുഭവങ്ങളും എഴുതി കൊണ്ടിരിക്കുന്നതിനിടയിൽ , ആയതിന്റെ ഓരൊ ഭാഗങ്ങൾ ഒന്നൊന്നായി അവന്റെ  മുഖപുസ്തകത്തിലും ആലേഖനം ചെയ്ത് പ്രസിദ്ധീകരിച്ചു ...
ആദ്യമൊക്കെ ഞങ്ങൾ അവന്റെ കൂട്ടുകാരും , നാട്ടുകാരും , ബന്ധുക്കളുമടക്കം വളരെ കുറച്ചാളുകൾ മാത്രം വായിച്ച് പോയിരുന്ന ഹൃദയ സ്പർശിയായ - ആ കുറിപ്പുകൾ , ഷെയറ് ചെയ്യപ്പെട്ടും , മറ്റും അനേകം വായനക്കാരിൽ എത്തിപ്പെട്ടു ...!
എല്ലാവരുടെയും പ്രോത്സാഹനങ്ങൾ അകമഴിഞ്ഞ് എപ്പോഴും ലഭിച്ചു കൊണ്ടിരുന്നതിനാൽ ഏതാണ്ട് എഴുപതോളം ഭാഗങ്ങൾ അവൻ എഴുതി തീർത്തു ...
തുടക്കം മുതൽ ഒടുക്കം വളരെ ലളിതമായ സാഹിത്യ ശൈലികളാൽ ഒരു മനുഷ്യന്റെ ജീവിതത്തിലെ സുഖവും , ശാന്തതയുമൊക്കെ - ദുരിതങ്ങളും, ദു:ഖങ്ങളുമൊക്കെയായി മാറുന്നതും - പിന്നീടതിൽ നിന്നും മോചനം  നേടുന്നതുമായ ഒരു നീണ്ട  അനുഭവ കഥയായിരുന്നു ആ കുറിപ്പുകൾ ...!
ഈ മുഖ പുസ്തക കുറിപ്പുകൾ വായിച്ചവരെല്ലാം - അവനെ  ഇതൊരു പുസ്തകമായി  ഇറക്കുവാൻ നിർബ്ബന്ധിച്ചപ്പോൾ ;  ഈ എഴുപതോളമുള്ള ഭാഗങ്ങൾ ക്രോഡീകരിച്ച് 55  അദ്ധ്യായങ്ങളായി തിരിച്ച് - ഒരു കൈയ്യെഴുത്ത് പ്രതിയുണ്ടാക്കിയത് , കഴിഞ്ഞ തവണ ഞാൻ ചികിത്സക്ക് നാട്ടിൽ പോയപ്പോൾ  -  എനിക്ക് വായിക്കാൻ സിദ്ധിച്ചതിൽ നിന്നും , എനിക്ക് ആ സമയത്ത് അതിയായ ആത്‌മ വിശ്വാസവും , ഊർജ്ജവും കൈവരിക്കുവാൻ സാധിച്ചു എന്നതും  എടുത്ത് പറയേണ്ടുന്ന ഒരു കാര്യം തന്നെയാണ് ...!
എന്തുകൊണ്ടെന്നാൽ അർബുദമെന്നൊരു അവസ്ഥാവിശേഷം  , കഴിഞ്ഞ കൊല്ലം ഏതാണ്ട് ഈ സമയത്ത് എന്റെ ജീവിതത്തിന്റെ  പടി വാതിലിൽ വന്നെന്നെ ചുമ്മാ വിരട്ടി കൊണ്ടിരിക്കുകയായിരുന്നു...
നാട്ടിലും , ലണ്ടനിലുമായി  ആയുർവേദത്തിന്റേയും,       അലോപ്പതിയുടെയും തലതൊട്ടപ്പന്മാരായ പല ഭിഷംഗരന്മാരെയും സമീപിച്ചപ്പോൾ ഒരു കാര്യം മനസ്സിലായിരുന്നു ...
അതെന്താണെന്ന് വെച്ചാൽ ലോകത്തിൽ ആകെ
- രണ്ട് തരത്തിലുള്ള മനുഷ്യരെ ഇപ്പോൾ  വസിക്കുന്നുള്ളൂ എന്നത്  -
അതായത് കാൻസർ ഉള്ളവരും , കാൻസർ വരാൻ സാധ്യതയുള്ളവരും (Cancer is Not an Illness - It is a Symptom) മാത്രമെ ഉള്ളൂ എന്ന സത്യം ...!

സ്വയം വരുത്തി വെച്ചും , അല്ലാതേയും  ആർക്കും എപ്പോൾ വേണമെങ്കിലും എത്തിച്ചേരാവുന്ന ആധുനിക ജീവിതരീതികളിലൂടെയാണല്ലൊ  നാം ഏവരും  ഇപ്പോൾ അഭിരമിച്ച്   കൊണ്ടിരിക്കുന്നത് എന്നതും ഈ അവസ്ഥ കൈവരിക്കുവാൻ ഒരു പ്രത്യേക ആനുകൂല്യം കൂടിയാണ് ...
അനേകമനേകം മിത്രങ്ങളും , പരിചയക്കാരും കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയിൽ എനിക്കുണ്ടായെങ്കിലും , അതിൽ എന്നും , ഇന്നും ഉത്തമർ എന്നുള്ള കൂട്ടുകാരും ,  കൂട്ടുകാരികളും ആയിട്ടുള്ളവർ നാട്ടിൽ ഒപ്പം കളിച്ചു  വളർന്നവരും , സഹപാഠികളും , പിന്നെ കലാസാഹിത്യ അഭിരുചികളിലൂടെ പരിചയപ്പെട്ടവരും തന്നെയാണെന്ന് അടിവരയിട്ട് പറയാവുന്ന സംഗതിയാണ്...

ഇന്ന് സോഷ്യൽ മീഡിയയിലെ എഴുത്തിന്റെ മേഖലയിൽ വാണരുളുന്ന  തൃശ്ശൂർ വെറ്റിനറി കോളേജിൽ നിന്നും കാൽ നൂറ്റാണ്ട് മുമ്പ് പുറത്തു വന്ന  സമകാലികരായ  പ്രിയൻ പ്രിയവ്രതൻ , സതീഷ് കുമാർ , പിന്നെ സുനിൽ കുമാർ എന്നിവരിൽ ഒരുവനായ  എന്റെ ഒരു പ്രിയ മിത്രവും, ബ്ലോഗറും , സിനിമാക്കാരനും ,  നാട്ടുകാരനുമായ ഡോ : എം.ബി. സുനിൽ കുമാറിന്റെ കഥയാണിത്  ...!
അർബുദത്തിൽ നിന്നും മോചനം നേടി വീണ്ടും ജോലിയിൽ  കയറിയ ശേഷം , ഞാനും , സുനിലും , പ്രദീപ് ജെയിമ്സും , സമദ് വക്കീലും, സത്യനുമൊക്കെ കൂടി 'തുഞ്ചൻ പറമ്പ് ബ്ലോഗ് മീറ്റി'ൽ പങ്കെടുത്ത് , വടക്കൻ കേരളം മുഴുവൻ ഒന്ന് കറങ്ങിയിരുന്നു ...
അതിന് ശേഷം സുനിൽ അപ്പോൾ വർക്ക് ചെയത് കൊണ്ടിരുന്ന സിനിമയുടെ ലൊക്കേഷനിലും ...!
വളരെ അസ്സലായി തന്നെ നാടിനേയും  , നാട്ടുകാരേയും, കൂട്ടുകാരേയും, ചികിത്സകനേയും, ചികിത്സാലയത്തേയും, അവിടത്തെ അന്തേവാസികളേയും മറ്റും കൂട്ടിയിണക്കി ,താൻ അതി ജീവിച്ച പ്രതിസന്ധികളും, പ്രതിവിധികളുമൊക്കെ പ്രതിപാദിച്ചിട്ടുള്ള തനി ജീവിതാനുഭവാവിഷ്കാരങ്ങൾ വരികളിലൂടെ വരച്ചിട്ടിരിക്കുകയാണ് ഈ അനുഭവ കഥയിൽ കൂടി സുനിൽ എന്ന എന്റെ മിത്രം ...
ഭാവിയിൽ വളരെയധികം  പേർക്ക് തികച്ചും ഉപകാരപ്രദമാകുന്ന ഒരു പാഠ പുസ്തകം തന്നെയായാകും സുനിലിന്റെ ഈ അനുഭവ ആവിഷ്ക്കാരങ്ങൾ കുറിച്ചിട്ട ഈ പ്രസിദ്ധീകരണമെന്ന്  ഉറപ്പിച്ച് പറയാവുന്ന സംഗതി തന്നെയാണ് ...!
ചിരിച്ചും ചിരിപ്പിച്ചും മലയാളി പ്രേക്ഷകർക്കിടയിൽ നിറഞ്ഞു നിൽക്കുമ്പോൾ  നടൻ ഇന്നസെന്റിനെ കാൻസർ പിടി കൂടിയ ശേഷം , പിന്നീടത് ഭേദപ്പെട്ടപ്പോൾ - അദ്ദേഹം തന്റെ അർബുദ  കാലഘട്ടത്തിലെ  ഓർമ്മകൾ കാൻസർ വാർഡിലെ  ചിരി എന്ന പുസ്തകത്തിലൂടെ എ ഴുതിയിട്ടപ്പോൾ
കാൻസറെന്നാൽ ഇത്രയേ ഉള്ളൂ എന്നും , അതിനെ ഭയപ്പെടേണ്ടതില്ലെന്നും , മൂപ്പർ  തന്റെ അനുഭവങ്ങൾ സാക്ഷിയാക്കി വെളിപ്പെടുത്തിയിരുന്നു ...
അതോടെ അത്  വായിച്ചവർക്കൊക്കെ കാൻസറിനെ കുറിച്ചുള്ള പല വികലമായ ധാരണകൾ മാറ്റാനും , മാറി ചിന്തിക്കാനും കുറേ പേരെയെങ്കിലും , പല മാധ്യമങ്ങൾക്കു മുന്നിലൂടെ  ഈ അർബുദ കാലയളവിലെ അനുഭവങ്ങളും , പിന്നീട് ജീവിതത്തിലേക്ക് മടങ്ങി വന്ന സംഗതികളും , മറ്റും വെളിപ്പെടുത്തുവാൻ പ്രേരിപ്പിച്ചു ... 

പ്രത്യേകിച്ച് നമ്മുടെ നാട്ടിൽ അർബുദ ചികിത്സാ രംഗത്ത് കൈപ്പുണ്യം വരിച്ച  ഡോ : വി.പി .ഗംഗാധരനും , അദ്ദേഹത്തിൻറെ ടീമംഗങ്ങളും ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളും ,ബോധവൽക്കരണങ്ങളും വിശദീകരങ്ങൾ സഹിതം അവരവരുടെ അനുഭവ സാക്ഷ്യങ്ങൾ സഹിതം ...! ( താഴെ വീഡിയൊ കാണാം  )



അതുപോലെ തന്നെ തീർച്ചയായും  ഏവർക്കും വളരെ ഉപകാര പ്രദമാകുവാൻ പോകുന്ന ഒരു  പുസ്തകം തന്നെയായിരിക്കും സുനിലിന്റെ ഇപ്പോൾ പുറത്തിറങ്ങാൻ പോകുന്ന 'ഒരാൾ ജീവിതത്തിലേക്ക് തിരിച്ചു നടന്ന വിധം' ...!
ഡി.സി.ബുക്സ്‌ പുറത്തിറക്കുന്ന ഡോ : എം .ബി . സുനിൽ കുമാറിന്റെ ഈ അനുഭവങ്ങളും മറ്റും വിശദീകരിച്ചിട്ടുള്ള , 224 പേജുകളും , 51 അദ്ധ്യായങ്ങൾ അടങ്ങിയതുമായ    195 രൂപ  മുഖ വിലയുള്ള പുസ്തകം ,  സുനിൽ കുമാറിന്റെ കാൻസർ കാലഘട്ടത്തിലെ   ഓർമ്മകൾ  കുറിച്ചിട്ട 'ഒരാൾ ജീവിതത്തിലേക്ക് തിരിച്ചു നടന്ന വിധം ' ഈ വരുന്ന 2017 ഏപ്രിൽ 21 - ന് വെള്ളിയാഴ്ച , കലാ സാംസ്കാരിക സാഹിത്യ രംഗത്തെ പ്രതിഭകളുടെ സാന്നിദ്ധ്യത്താൽ ധന്യമാകുന്ന ചടങ്ങിൽ  - വൈകീട്ട് 5 മണിക്ക് , തൃശൂർ കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ വെച്ച് ഡോ : വി.പി .ഗംഗാധരൻ   പ്രകാശനം ചെയ്യുകയാണ് ... 
നാട്ടിൽ ആ സമയത്തുള്ള ബ്ലോഗേഴ്‌സിനൊക്കെ സൗകര്യമുണ്ടെങ്കിൽ  ഈ ചടങ്ങിൽ പങ്കെടുക്കാവുന്നതാണ് ... 
ഡി.സി.ബുക്സിന്റെ ഓൺ-ലൈൻ സ്റ്റോറിൽ ഇപ്പോൾ 176  രൂപയുടെ സ്‌പെഷ്യൽ പ്രൈസിലും ഈ പുസ്തകം വാങ്ങാവുന്നതാണ് OnLineStore - DC Books - Author Dr: M.B.Sunilkumar .

പ്രഥമ  അദ്ധ്യായമായ
'കുളിർ മഞ്ഞിൽ ആരൊ ഒരാൾ '
മുതൽ ഈ പുസ്തകത്തിലെ മിക്ക  അദ്ധ്യായങ്ങളും വായനക്കാരുടെ മനസ്സിനെ ആദ്യം കുറെ നൊമ്പരപ്പെടുത്തുമെങ്കിലും, പിന്നീട് ആശ്വാസവും സന്തോഷവും തരുന്നവയാണ്...
യാത്രകളും , ഉത്സവങ്ങളും , സാഹിത്യവും , സിനിമയുമൊക്കെ സുനിലിന്റെ  ഇതുവരെയുള്ള ജീവിതത്തിൽ കയറിയിറങ്ങി പോയതും , ജോലി ചെയ്തിരുന്ന ഗ്രാമങ്ങളിലെ തനി കൃഷിയും , മാട് വളർത്തലുമായി കഴിയുന്ന ജനങ്ങളുടെ സ്നേഹഭാജനമായ ഒരു സ്വന്തം ഡോക്ട്ടറേയും ഈ പുസ്തകത്തിന്റെ താളുകളിൽ കൂടി തൊട്ടറിയാവുന്നതാണ് ...!
അമ്പതാം ഭാഗമായ
' വീണ്ടും ഒരു പുനർജനി നൂഴലൊക്കെ'
വല്ലാതെ ആമോദം നൽകുന്നു ...
 'എത്ര സുന്ദരം ഈ ജീവിതം'
എന്ന അവസാന ഭാഗത്തിൽ ഡോ : സുനിൽകുമാർ  
ഇങ്ങിനെ എഴുതി അവസാനിപ്പിക്കുകയാണ് ...

'പുതിയൊരു വേഷത്തോടെ പുതിയൊരുത്സാഹത്തോടെ വീണ്ടും
ജീവിതത്തിന്റെ വർണ്ണ വിഹായസ്സുകളിലേക്ക് കുന്നുകൾ താണ്ടി നക്ഷത്രങ്ങൾ തേടി ഞങ്ങൾ വീണ്ടും യാത്ര തുടരുകയാണ് ...'

നമുക്കൊക്കെ അറിയാം 
ഈ 'ഞങ്ങളി'ൽ അനേകം പേർ 
അണിനിരക്കുന്നുണ്ട് എന്ന വാസ്തവം...!

 

LATEST CANCER  INFORMATION (ലിങ്ക് )

21 / 04  / 2017

സുനിലില്ലാതെ അവന്റെ പുസ്തക പ്രകാശനം ഇന്ന് നടന്നു .മരണത്തിന്റെ പിടിയിൽ നിന്നും മോചിതനായി വന്നിട്ട് , മരണമുഖത്ത് കിടക്കുന്നവർക്കെല്ലാം നല്ലൊരു ബോധ വൽക്കരണം നടത്തിയിട്ട് , ഡോ :സുനിൽ കുമാർ ഒരു വീഴ്ച്ചയെ തുടർന്ന് , എല്ലാവരേയും ദുഃഖത്തിലാഴ്ത്തി കൊണ്ട് ,രണ്ടാഴ്‌ച്ച മുമ്പ് അവൻ ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി മടങ്ങി പോയി .. ! സുനിലിന്  ആദരാജ്ഞലി / മിത്രം ഡോ :സതീഷിന്റെ കുറിപ്പുകൾ

 

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...